ടൈഫോയ്ഡ് തടയുന്നതിൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ എങ്ങനെ സഹായിക്കുന്നു?

സാൽമൊണല്ല ടൈഫി മൂലമുണ്ടാകുന്ന ഒരു രോഗാണുബാധയായ ടൈഫോയ്ഡ്, ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു. ടൈഫോയ്ഡ് ഉയർന്ന പനി, ബലഹീനത, വയറുവേദന എന്നിവയ്ക്ക് കാരണമാകും. ചില ഗുരുതരമായ കേസുകളിൽ ഇത് ജീവൻ അപകടപ്പെടുത്തുന്നതുമാണ്. അണുബാധ ചികിത്സിക്കാൻ പരമ്പരാഗതമായി ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നതെങ്കിലും, ആന്റിമൈക്രോബിയൽ പ്രതിരോധം (AMR) വർധിക്കുന്നത് ചികിത്സയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കിയിരിക്കുന്നു. ശുചിത്വവും ആരോഗ്യ ശീലങ്ങളും പാലിക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. എങ്കിലും ഈ രോഗത്തിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം പ്രതിരോധ കുത്തിവയ്പ്പ് ആണ്.
ഏതൊക്കെ തരം ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ ലഭ്യമാണ്?
ഇന്ത്യയിൽ, രണ്ട് തരത്തിലുള്ള ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്‌പ്പുകൾ ലഭ്യമാണ്:
- Vi കാപ്സുലാർ പോളിസാക്കറൈഡ് (Vi-PS) പ്രതിരോധ കുത്തിവയ്പ്പ്
- ടൈഫോയ്ഡ് കോൺജുഗേറ്റ് പ്രതിരോധ കുത്തിവയ്പ്പ് (TCV)
Vi കാപ്സുലാർ പോളിസാക്കറൈഡ് (Vi-PS) പ്രതിരോധ കുത്തിവയ്പ്പ്
Vi-PS പ്രതിരോധ കുത്തിവയ്പ്പിൽ എസ്. ടൈഫി എന്ന രോഗാണുവിന്റെ ശുദ്ധീകരിച്ച ആന്റിജെനിക് ഭാഗം അടങ്ങിയിരിക്കുന്നു. ഒരു ഡോസ് മാത്രം നൽകുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് ആദ്യ വർഷം ഏകദേശം 61% സംരക്ഷണം നൽകുന്നു, എന്നിരുന്നാലും കാലക്രമേണ ഫലപ്രാപ്തി കുറയുകയും മൂന്ന് വർഷം കൂടുമ്പോൾ വീണ്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടി വരികയും ചെയ്യും. ഇത് 2 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമേ ശുപാർശ ചെയ്യുന്നുള്ളൂ. ശിശുക്കൾക്ക് ഇത് നൽകാൻ കഴിയില്ല, കാരണം ഇത് ഫലപ്രദമായ രോഗപ്രതിരോധത്തിലേക്ക് നയിക്കുന്നില്ല.
ടൈഫോയ്ഡ് കോൺജുഗേറ്റ് പ്രതിരോധ കുത്തിവയ്പ്പ് (TCV)
Vi-PS പ്രതിരോധ കുത്തിവയ്‌പ്പിന്റെ പരിമിതികളെ മറികടക്കാൻ, Vi-പോളിസാക്കറൈഡ് ആന്റിജനുകൾ കാരിയർ പ്രോട്ടീനുകളുമായി സംയോജിപ്പിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചിരിക്കുന്നു. ഈ ടൈഫോയ്ഡ് കോൺജുഗേറ്റ് പ്രതിരോധ കുത്തിവയ്‌പ്പുകൾ (TCV) ആറ് മാസം പ്രായമുള്ള കുട്ടികൾക്കു മുതൽ 65 വയസ്സുവരെ പ്രായമുള്ള മുതിർന്നവർക്കു വരെ നൽകാവുന്നതാണ്. ഇവ ദീർഘകാല പ്രതിരോധശേഷി നൽകുന്നതുമാണ്.
ഇന്ത്യ പോലുള്ള ടൈഫോയ്ഡ് കൂടുതലായി കാണപ്പെടുന്ന രാജ്യങ്ങളിൽ 6 മാസം മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് TCV പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. 6 മാസം മുതൽ പതിവ് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികൾക്കൊപ്പവും 9 മാസം പ്രായം മുതൽ മീസിൽസ് പ്രതിരോധ കുത്തിവയ്‌പ്പിനൊപ്പവും (MR അല്ലെങ്കിൽ MMR) കൊടുക്കാൻ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിക്കുന്നു. നേരത്തെ എടുത്തിട്ടില്ലെങ്കിൽ, 65 വയസ്സുവരെ ഈ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.
പ്രതിരോധ കുത്തിവയ്പ്പ് എന്തുകൊണ്ടാണ് പ്രധാനമാകുന്നത്?
നല്ല ശുചിത്വവും ആരോഗ്യ ശീലങ്ങളും ടൈഫോയ്ഡ് വരാതെ നോക്കാൻ സഹായിക്കുമെങ്കിലും, ഇത് എല്ലായിടത്തും എത്തിക്കാൻ ഒരുപാട് സമയമെടുക്കും. ടൈഫോയ്ഡ് വന്നാലുള്ള ബുദ്ധിമുട്ടുകളും മരണ സാധ്യതയും, മരുന്നുകൾ പെട്ടെന്ന് ഫലിക്കാത്ത ഇപ്പോഴത്തെ അവസ്ഥയും (ആന്റിമൈക്രോബിയൽ പ്രതിരോധം) കണക്കിലെടുക്കുമ്പോൾ ടൈഫോയ്ഡ് പനി വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് വളരെ പ്രധാനമാണ്.
ആന്റിമൈക്രോബിയൽ പ്രതിരോധം (AMR)
സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളോട് രോഗാണു പ്രതികരിക്കാത്തതിനാൽ ടൈഫോയ്ഡ് ചികിത്സിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറുകയാണ്. സമീപ വർഷങ്ങളിൽ, എക്സ്റ്റൻസീവ് ഡ്രഗ്-റെസിസ്റ്റന്റ് (XDR) ടൈഫോയ്ഡ് എന്നറിയപ്പെടുന്ന കൂടുതൽ ശക്തമായ വകഭേദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇത് ശക്തമായ ആന്റിബയോട്ടിക്കുകളെ പോലും ഫലപ്രദമല്ലാതാക്കുന്നു. ഇപ്പോൾ അസിത്രോമൈസിൻ എന്ന ഗുളിക മാത്രമാണ് ഏക ആശ്രയം. എന്നിരുന്നാലും, അസിത്രോമൈസിനും ഫലിക്കാത്ത ടൈഫോയ്ഡ് കേസുകൾ ദക്ഷിണേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഉയർന്ന ഇൻജക്ടബിൾ ആന്റിമൈക്രോബിയലുകൾ ഉപയോഗിക്കാതെ ടൈഫോയ്ഡ് ഉടൻ ചികിത്സിക്കാനാവാത്ത അവസ്ഥയിലേക്ക് എത്തുമോ എന്ന ഭയം വർദ്ധിപ്പിക്കുന്നു.
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പുകൾക്ക് ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ചെറുക്കാൻ കഴിയുമോ?
ആന്റിമൈക്രോബിയൽ പ്രതിരോധത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്ന് ടൈഫോയ്ഡ് വരാതെ നോക്കുക എന്നതാണ്. TCV പ്രതിരോധ കുത്തിവയ്‌പ്പുകൾ AMR കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പരിഹാരമായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ടൈഫോയ്ഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ, ഈ പ്രതിരോധ കുത്തിവയ്‌പ്പുകൾ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് മരുന്നിനോട് പ്രതിരോധശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകുന്നത് മന്ദഗതിയിലാക്കുന്നു. ഒരു പൊതുജനാരോഗ്യ തന്ത്രമെന്ന നിലയിൽ വ്യാപകമായ പ്രതിരോധ കുത്തിവയ്‌പ്പ് വലിയ തോതിൽരോഗം പടർന്ന് പിടിക്കുന്നത് തടയാനും സമൂഹങ്ങളെ സംരക്ഷിക്കാനും മൊത്തത്തിലുള്ള പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഉപസംഹാരം
ടൈഫോയ്ഡ് ഇപ്പോഴും ഇന്ത്യയിൽ ഒരു വലിയ ആരോഗ്യ പ്രശ്നമായി നിലനിൽക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് പോലുള്ള മുൻകരുതലുകൾ രോഗം വരാതെ നോക്കാനും, മരുന്നുകൾ ഫലിക്കാത്ത അവസ്ഥ (ആന്റിമൈക്രോബിയൽ പ്രതിരോധം) തടയാനും ഏറ്റവും നല്ല വഴിയാണ്. നല്ല ശുചിത്വവും ആരോഗ്യ ശീലങ്ങളും പാലിക്കുന്നത് പ്രധാനമാണെങ്കിലും, അത് മാത്രം മതിയാകില്ല. ലോകാരോഗ്യ സംഘടനയും ഇന്ത്യൻ ശിശുരോഗ വിദഗ്ധരുടെ സംഘടനയും നിർദ്ദേശിക്കുന്ന ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിനുകൾ (TCV) കൂടുതൽ കാലം സംരക്ഷണം നൽകുകയും ശിശുക്കൾക്ക് പോലും കൊടുക്കാൻ പറ്റുകയും ചെയ്യും. കൂടുതൽ ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ, ടൈഫോയ്ഡ് രോഗികളുടെ എണ്ണം കുറയ്ക്കാനും, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനും, മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾ ഉണ്ടാകുന്നത് തടയാനും സാധിക്കും.