ടൈഫോയ്ഡ് എങ്ങനെ പടരുന്നു? എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ടൈഫോയ്ഡ് എല്ലാവരെയും ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ്. എന്നാൽ, ശുചിത്വം പാലിക്കാത്തതും മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതും മൂലം കുട്ടികൾക്കാണ് കൂടുതൽ അപകടസാധ്യത. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, ടൈഫോയ്ഡ് എങ്ങനെ പടരുന്നു, അത് എങ്ങനെ തടയാം, നിങ്ങളുടെ കുട്ടികളെ അതിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നിവ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ ലേഖനത്തിൽ, ടൈഫോയ്ഡ് അണുബാധ, അതിൻ്റെ പ്രതിരോധം, നിയന്ത്രണം എന്നിവയാണ് ചർച്ച ചെയ്യുന്നത്.
ടൈഫോയ്ഡ് എങ്ങനെ പടരുന്നു?
സാൽമോണല്ല ടൈഫി എന്ന രോഗാണുവാണ് ടൈഫോയ്ഡ് പനിക്ക് കാരണം. ഇത് സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ വായിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, സാൽമോണല്ല അണുബാധ കുടലിലൂടെ സഞ്ചരിച്ച്, രക്തപ്രവാഹത്തിലൂടെ പടർന്ന് ശരീരത്തെ ആക്രമിക്കുകയും പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ കുട്ടിക്ക് ടൈഫോയ്ഡ് പിടിപെടാൻ സാധ്യതയുള്ള ചില പ്രധാന കാരണങ്ങൾ താഴെക്കൊടുക്കുന്നു:
- മലിനമായ വെള്ളം കുടിക്കുന്നത്
- വൃത്തിയില്ലാത്ത വഴിയോരക്കടകളിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ചും തണുത്തതായി വിളമ്പുന്നത് (പഴങ്ങൾ, ചാട്ട്, മധുരപലഹാരങ്ങൾ, കുറച്ചുനേരം വെളിയിൽ വെച്ച ലഘുഭക്ഷണങ്ങൾ)
- പ്രാദേശികമായി നിർമ്മിക്കുന്നതും ശുദ്ധീകരിക്കാത്തതോ മലിനമായതോ ആയ വെള്ളം അടങ്ങിയിരിക്കാൻ സാധ്യതയുള്ളതുമായ ഐസ്ക്രീം അല്ലെങ്കിൽ ഐസ് ‘ഗോള’ കഴിക്കുന്നത്
- വഴിയോരക്കച്ചവടക്കാരിൽ നിന്ന് സുരക്ഷിതമല്ലാത്ത കരിമ്പിൻ ജ്യൂസോ മറ്റു പഴച്ചാറുകളോ (ഐസോടുകൂടിയോ അല്ലാതെയോ) കുടിക്കുന്നത്
ആരെല്ലാമാണ് സ്ഥിരവാഹകർ?
ചില അവസരങ്ങളിൽ, ടൈഫോയ്ഡ് ഭേദമായ ശേഷവും, ചില രോഗികളുടെ വയറ്റിൽ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ രോഗാണുക്കൾ നിലനിൽക്കാം. ‘സ്ഥിരവാഹകർ’ എന്ന് വിളിക്കപ്പെടുന്ന ഇവർ അറിയാതെ തന്നെ വർഷങ്ങളോളം രോഗാണുക്കൾ പരത്തുകയും മറ്റുള്ളവരിലേക്ക് രോഗം പകർത്തുകയും ചെയ്യാം. ഇവർ സമൂഹത്തിൽ ടൈഫോയ്ഡ് പകരാനുള്ള ഒരു വലിയ കാരണമാണ്.
രോഗാണുവാഹകർ വൃത്തിയില്ലാത്ത രീതിയിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ സ്കൂളുകൾ പോലുള്ള സ്ഥലങ്ങളിൽ വെച്ച് സ്ഥിരവാഹകരുമായി പരോക്ഷമായി ബന്ധം പുലർത്തുകയോ ചെയ്താൽ കുട്ടികൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്.
ടൈഫോയിഡിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
- ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, ക്രമേണ വർദ്ധിക്കുന്ന പനി
- ക്ഷീണം അല്ലെങ്കിൽ മന്ദത
- ഛർദ്ദി, വയറിളക്കം, അല്ലെങ്കിൽ മലബന്ധം
- ചുമ
- അപൂർവ്വ സന്ദർഭങ്ങളിൽ, നെഞ്ചിൽ നേരിയ ചുവപ്പ് പാടുകൾ വരാം
നിങ്ങളുടെ കുട്ടി ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. ചികിത്സിച്ചില്ലെങ്കിൽ, ടൈഫോയ്ഡ് ദീർഘകാല സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
ടൈഫോയ്ഡ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ?
മിക്ക അണുബാധകളെയും പോലെ, ടൈഫോയ്ഡ് നേരിട്ടുള്ള അല്ലെങ്കിൽ വ്യക്തിഗത സമ്പർക്കത്തിലൂടെ പകരില്ല. എന്നിരുന്നാലും, ശുചിത്വം കുറവുള്ള സാഹചര്യങ്ങളിൽ, ഇത് പരോക്ഷമായി പകരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, രോഗം ബാധിച്ച ഒരു കുട്ടി ശൗചാലയത്തിൽ പോയ ശേഷം കൈ കഴുകാതെ സഹോദരങ്ങളുമായി ഇടപഴകുകയോ, കൈ വായിൽ വെക്കുകയോ, അല്ലെങ്കിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്താൽ, അവർക്ക് അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ട്.
ടൈഫോയ്ഡ് വരാതെ എങ്ങനെ തടയാം?
നിങ്ങളുടെ കുട്ടിക്ക് ടൈഫോയ്ഡ് വരാതിരിക്കാൻ, ചില ലളിതമായ പ്രതിരോധ നടപടികൾ നിങ്ങൾക്ക് സ്വീകരിക്കാം:
- പതിവായി കൈ കഴുകുക, പ്രത്യേകിച്ചും പാചകം ചെയ്യുന്നതിനും, ഭക്ഷണം വിളമ്പുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും മുമ്പ്.
- ശുചിമുറി ഉപയോഗിച്ചതിന് ശേഷം എപ്പോഴും കൈ കഴുകാൻ അവരെ പഠിപ്പിക്കുക.
- ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ അവരെ പഠിപ്പിക്കുക. ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക.
- നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുകയും, എല്ലാ ഭക്ഷണവും നന്നായി വേവിക്കുകയും ചെയ്യുക.
- പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ, പാകം ചെയ്യാത്ത ഭക്ഷണം കഴിക്കരുത്. ഓറഞ്ച് അല്ലെങ്കിൽ വാഴപ്പഴം പോലെ തൊലികളയാൻ കഴിയുന്ന പഴങ്ങളോ, പുതുതായി ഉണ്ടാക്കിയതും ചൂടോടെ വിളമ്പുന്നതുമായ ഭക്ഷണങ്ങളോ കഴിക്കുക.
- രോഗത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്ന ഏറ്റവും നല്ല മാർഗ്ഗം പ്രതിരോധ കുത്തിവയ്പ്പായതിനാൽ, അത് പരിഗണിക്കുക.
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പ് എങ്ങനെയാണ് എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കുന്നത്?
ടൈഫോയിഡിൽ നിന്ന് സംരക്ഷണം നേടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം പ്രതിരോധ കുത്തിവയ്പ്പാണ്. ടൈഫോയ്ഡ് ഭേദമായ രോഗികൾക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുമുണ്ട്. സ്വാഭാവിക രോഗബാധ ടൈഫോയിഡിനെതിരെ ദീർഘകാലേത്തക്കുള്ളതും മതിയായതുമായ പ്രതിരോധശേഷി നൽകുന്നില്ല. നിങ്ങൾക്ക് ഇതിനകം ടൈഫോയ്ഡ് ബാധിച്ചിട്ടുണ്ടെങ്കിൽ പോലും, രോഗത്തിൽ നിന്ന് സംരക്ഷണം നേടാൻ പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യപ്പെടുന്നു. ഇത് നിങ്ങളെ സ്ഥിരവാഹകരിൽ നിന്ന് സംരക്ഷിക്കുകയും രോഗം പടരുന്നത് തടയാൻ സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നു.
ടൈഫോയ്ഡ് ബാധിച്ച കുട്ടികൾ രോഗം മാറിയതിന് ശേഷം 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്.
ഉപസംഹാരം
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഗുരുതരവും എന്നാൽ തടയാൻ സാധിക്കുന്നതുമായ ഒരു രോഗമാണ് ടൈഫോയ്ഡ്. രോഗം എങ്ങനെ പകരുന്നു എന്ന് മനസ്സിലാക്കുന്നതിലൂടെയും, നല്ല ശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക, പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെയും, രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് രോഗം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. ടൈഫോയിഡിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സ്ഥിരവാഹകർ അറിയാതെ രോഗാണുക്കൾ പരത്താനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ടൈഫോയിഡിനെയും അതിന്റെ ആവർത്തനത്തെയും തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം പ്രതിരോധ കുത്തിവയ്പ്പ് ആണ്. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യകരവും സുരക്ഷിതവുമായ ഭാവി ഉറപ്പാക്കുന്നു.
ഉറവിടങ്ങൾ
നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.