യാത്ര ചെയ്യുമ്പോൾ ടൈഫോയ്ഡ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങു വഴികൾ

2023-ൽ 5 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ടൈഫോയ്ഡ് ഇപ്പോഴും ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. ഇന്ന്, മുമ്പത്തേക്കാളും കൂടുതൽ ഇന്ത്യക്കാർ അന്താരാഷ്ട്രതലത്തിലും (അതുപോലെ ആഭ്യന്തര തലത്തിലും) യാത്ര ചെയ്യുമ്പോൾ, ടൈഫോയിഡിനെതിരെ മുൻകരുതലുകൾ എടുക്കേണ്ടത് നിർണായകമാണ്. നിങ്ങളുടെ അടുത്ത യാത്രയ്ക്ക് മുമ്പും ശേഷവും കുറച്ച് പ്രതിരോധ നടപടികൾ പിന്തുടരുന്നത് നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.
എന്താണ് ടൈഫോയ്ഡ്?
സാൽമൊണല്ല ടൈഫി എന്ന രോഗാണു മൂലമുണ്ടാകുന്ന ഒരു രോഗമാണ് ടൈഫോയ്ഡ്. ഇത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നു. ഇതിന്റെ സാധാരണ ലക്ഷണങ്ങളിൽ പനി, തലവേദന, കഠിനമായ വയറുവേദന എന്നിവ ഉൾപ്പെടുന്നു. ഇന്ത്യ പോലുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ദുർബലമായ പൊതുശുചിത്വ നിലവാരം കാരണം ടൈഫോയ്ഡ് വ്യാപിക്കുന്നതിനാൽ, ലോകാരോഗ്യസംഘടന ഇത് അവിടത്തെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി അംഗീകരിച്ചിരിക്കുന്നു.
യാത്ര ചെയ്യുമ്പോൾ ടൈഫോയിഡിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?
ടൈഫോയിഡിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, നിങ്ങൾക്ക് മൂന്ന് ലളിതമായ കാര്യങ്ങൾ ചെയ്യാം:
- WASH (വെള്ളം, ശുചിത്വം, വ്യക്തിഗത ശുചിത്വം) രീതി പിന്തുടരുക
- എന്ത് കഴിക്കുന്നു എന്നതിൽ ശ്രദ്ധ വേണം
- യാത്ര ചെയ്യുന്നതിനുമുമ്പ് ടൈഫോയ്ഡ് പിടിപെടാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക
1. WASH രീതി
യാത്ര ചെയ്യുമ്പോൾ, സുരക്ഷിതരായിരിക്കാൻ നിങ്ങൾ കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകൾ പതിവായി കഴുകുക, പ്രത്യേകിച്ച് ശുചിമുറി ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, 60% വരെ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം.
2. സുരക്ഷിതമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ
- സാലഡുകൾ ഉൾപ്പെടെയുള്ള പച്ചയായതോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
- ബുഫെ ഓപ്ഷനുകൾക്ക് പകരം ചൂടുള്ളതും പുതുതായി പാകം ചെയ്തതുമായ ഭക്ഷണം തിരഞ്ഞെടുക്കുക.
- ശുദ്ധീകരിക്കാത്ത വെള്ളം ഒഴിവാക്കുക. ജലത്തിന്റെ ഉറവിടത്തെക്കുറിച്ച് ഉറപ്പില്ലെങ്കിൽ തിളപ്പിച്ചതോ കുപ്പികളിലാക്കിയതോ ആയ വെള്ളം കുടിക്കുക.
- ശുദ്ധീകരിച്ച വെള്ളത്തിൽ നിന്നാണ് ഉണ്ടാക്കിയതെന്ന് ഉറപ്പില്ലെങ്കിൽ പാനീയങ്ങളിൽ ഐസ് ക്യൂബുകൾ ഒഴിവാക്കുക. പകരം ചൂടുള്ള പാനീയങ്ങൾ, ശുചിത്വത്തോടെ ഉണ്ടാക്കിയ ജ്യൂസുകൾ അല്ലെങ്കിൽ പായ്ക്ക് ചെയ്ത പാനീയങ്ങൾ തിരഞ്ഞെടുക്കുക.
- ശുദ്ധീകരിക്കാത്ത പാൽ, പാലുത്പന്നങ്ങൾ അല്ലെങ്കിൽ വേവിക്കാത്ത മുട്ട എന്നിവ ഒഴിവാക്കുക.
- തൊലികളയാൻ പറ്റുന്ന പഴങ്ങളായ വാഴപ്പഴം, ഓറഞ്ച് എന്നിവ കഴിക്കുക. അല്ലെങ്കിൽ നന്നായി കഴുകിയ പഴങ്ങൾ കഴിക്കുക.
3. ടൈഫോയിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക
ടൈഫോയിഡിനെ തടയാനുള്ള ഏറ്റവും നല്ല വഴി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതാണ്. കൂടുതൽ കാലം സംരക്ഷണം കിട്ടാൻ ടൈഫോയ്ഡ് കോൺജുഗേറ്റ് പ്രതിരോധ കുത്തിവയ്പ്പ് (TCV) എടുക്കാനാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. യാത്രയ്ക്ക് പോകുന്നതിന് ഏകദേശം രണ്ട് മാസം മുൻപെങ്കിലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക.
പ്രതിരോധ കുത്തിവയ്പ്പ് ശരിക്കും ആവശ്യമുണ്ടോ?
ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന യാത്രക്കാർക്ക് പോലും ടൈഫോയ്ഡ് പിടിപെടാൻ സാധ്യതയുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, അത് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സഹായിക്കുന്നു. സ്വാഭാവിക രോഗബാധ ദീർഘകാല പ്രതിരോധശേഷി നൽകുന്നില്ല എന്നതിനാൽ, ടൈഫോയ്ഡ് ഭേദമായവർ പോലും വീണ്ടും രോഗബാധിതരാകാൻ സാധ്യതയുണ്ട്. അവർക്കും പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്.
ഉപസംഹാരം
ടൈഫോയ്ഡ് തടയാൻ കഴിയുന്ന ഒരു രോഗമാണ്, പക്ഷേ ഇപ്പോഴും ലോകത്തെമ്പാടും ഇന്ത്യയിലും ഒരുപാട് പേർക്ക് ഇത് വരുന്നുണ്ട്. നിങ്ങൾ നാട്ടിലായാലും വിദേശത്താണെങ്കിലും, കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ടൈഫോയിഡിനെ പേടിക്കേണ്ട. നല്ല വൃത്തിയുള്ള ശീലങ്ങൾ പിന്തുടരുക, നല്ല ഭക്ഷണം തിരഞ്ഞെടുക്കുക, പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക – ഇതൊക്കെ നിങ്ങളെയും നിങ്ങളുടെ കൂടെയുള്ളവരെയും രക്ഷിക്കാനുള്ള എളുപ്പ വഴികളാണ്. ടൈഫോയ്ഡ് കാരണം നിങ്ങളുടെ യാത്ര മുടങ്ങരുത്. മുൻകൂട്ടി എല്ലാം ക്രമീകരിക്കുകയും, ശ്രദ്ധയോടെ ഇരിക്കുകയും, നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുകയും ചെയ്താൽ പേടിയില്ലാതെ യാത്ര പോകാം.
ഉറവിടങ്ങൾ
നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.