Typhoid Needs Attention

എനിക്ക് ടൈഫോയ്ഡ് ഉണ്ടോയെന്ന് എങ്ങനെ അറിയാം?

കാത്തിരിക്കുകയോ ഊഹിക്കുകയോ ചെയ്യരുത്, പരിശോധന നടത്തുക.

പെട്ടെന്നുള്ള ടൈഫോയ്ഡ് രോഗനിർണയം ഗുരുതരമായ സങ്കീർണതകളും ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യവും തടയാൻ സഹായിക്കും. ഉയർന്ന പനി, തളർച്ച, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം തുടങ്ങിയ ഏതെങ്കിലും ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ ബന്ധപ്പെടുക.[1] നിങ്ങൾക്ക് മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സ്ഥിരമായ പനി ഉണ്ടെങ്കിൽ, പ്രത്യേകിച്ച് ടൈഫോയ്ഡ് കൂടുതലുള്ള ഒരു പ്രദേശത്ത് യാത്ര ചെയ്തതിന് ശേഷമോ, താമസിച്ചതിന് ശേഷമോ ആണെങ്കിൽ, കാലതാമസം കൂടാതെ വൈദ്യസഹായം തേടുക.[2]

ടൈഫോയ്ഡ് രോഗം കൃത്യമായി സ്ഥിരീകരിക്കാൻ രക്തപരിശോധനയാണ് ഏറ്റവും നല്ല മാർഗ്ഗം. മലം, മൂത്രം എന്നിവയുടെ പരിശോധനകൾ അത്ര കൃത്യമല്ലാത്തതിനാൽ സാധാരണയായി അത് ശുപാർശ ചെയ്യാറില്ല.[2]

ടൈഫോയിഡിനുള്ള പരിശോധനകളുടെ തരങ്ങൾ

നിങ്ങൾക്ക് കുടൽ സംബന്ധമായ പനി ഉണ്ടെന്ന് ഡോക്ടർക്ക് സംശയം തോന്നുന്ന പ്രാരംഭ ഘട്ടത്തിലാണ് ടൈഫോയിഡിനുള്ള ശാരീരിക പരിശോധനകൾ നടത്തുന്നത്. ഈ ഘട്ടങ്ങളിൽ, രോഗികൾക്ക് വിളർച്ചയും നിർജ്ജലീകരണവും ഉണ്ടാകാം. ചർമ്മത്തിൽ, പ്രത്യേകിച്ച് നിങ്ങളുടെ നെഞ്ചിലും വയറിലും പാടുകൾ പ്രത്യക്ഷപ്പെടാം (ഇരുണ്ട ചർമ്മത്തിൽ ഇത് കാണാൻ പ്രയാസമാണ്) നിങ്ങളുടെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ടൈഫോയ്ഡ് പരിശോധന നടത്താൻ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കും.[2]

ടൈഫോയ്ഡ് സ്ഥിരീകരിക്കാനുള്ള ലാബ് പരിശോധനകൾ സാധാരണയായി രക്ത സാമ്പിളുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. അപൂർവ്വമായി മൂത്രം, മലം, അസ്ഥിമജ്ജ എന്നിവയുടെ സാമ്പിളുകളും പരിശോധനയ്ക്കായി ഉപയോഗിക്കാറുണ്ട്.[3]

ബ്ലഡ് കൾച്ചർ

ടൈഫോയ്ഡ് പരിശോധിക്കുന്നതിന് ഏറ്റവും മുൻഗണനയുള്ളതും വിശ്വസനീയവും സാധാരണവുമായ രീതിയാണ് ബ്ലഡ് കൾച്ചർ, പക്ഷേ അതിന് അതിന്റേതായ പരിമിതികളുണ്ട്.[2] ആദ്യ ആഴ്ചയിൽ 90% വരെ രോഗം കണ്ടെത്താൻ ഈ പരിശോധനയ്ക്ക് സാധിക്കും, എന്നാൽ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിക്കാൻ മൈക്രോബയോളജി ലാബിൽ അഞ്ച് ദിവസം വരെ നിരീക്ഷണം ആവശ്യമാണ്.[4]

പ്രത്യക്ഷമായ കാരണമൊന്നുമില്ലാതെ ആഴ്ചകളോളം തുടരുന്ന പനി പരിശോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട പരിശോധനകളിലൊന്നാണ് അസ്ഥിമജ്ജ കൾച്ചർ. ആൻ്റിബയോട്ടിക് മരുന്നുകൾ നൽകിയതിന് ശേഷവും രോഗാണുക്കളെ കണ്ടെത്താൻ കഴിയുന്നതിനാൽ, രോഗത്തിൻ്റെ അവസാന ഘട്ടങ്ങളിലും ടൈഫോയ്ഡ് കണ്ടെത്താൻ ഈ പരിശോധന സഹായിക്കും.[4] എന്നിരുന്നാലും, ഈ പരിശോധന സാധാരണയായി ഡോക്ടർമാർ തിരഞ്ഞെടുക്കാറില്ല, കാരണം ഇത് നട്ടെല്ലിലേക്ക് സൂചി കുത്തിയിറക്കിയുള്ള പരിശോധനയാണ്, അതിനാൽ എല്ലായിടത്തും ഇത് സൗകര്യപ്രദമായിരിക്കില്ല.[5] കാരണമെന്താണെന്ന് അറിയാത്ത പനി പരിശോധിക്കാൻ അസ്ഥിമജ്ജ പരിശോധന നടത്തുകയാണെങ്കിൽ, ടൈഫോയ്ഡ് ഇല്ലെന്ന് ഉറപ്പുവരുത്താൻ കൾച്ചർ പരിശോധനയ്ക്കായി സാമ്പിളുകൾ അയക്കേണ്ടതാണ്.

ടൈഫോയിഡിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികളിൽ പോലും മലം കൾച്ചർ പരിശോധനയിൽ പോസിറ്റീവ് ഫലം കാണാൻ സാധ്യതയുണ്ട്, അതുകൊണ്ട് ഈ രോഗനിർണ്ണയം അത്ര വിശ്വസനീയമല്ല. എന്നാൽ, ആരെങ്കിലും ദീർഘകാല വാഹകരാണോ എന്ന് കണ്ടെത്താൻ ഈ പരിശോധന സഹായിക്കും. ടൈഫോയ്ഡ് പരിശോധനയ്ക്ക് മൂത്ര കൾച്ചർ സാധാരണയായി ഉപയോഗിക്കാറില്ല.[2]

ഇന്ത്യയിൽ, ടൈഫോയ്ഡ് പനി കണ്ടെത്തുന്നതിന് വൈഡൽ പരിശോധന വ്യാപകമായി ഉപയോഗിക്കുന്നു.[2] ടൈഫോയ്ഡ് രോഗാണുവിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം ഇത് കണ്ടെത്തുന്നു. രോഗം തുടങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് ഈ പരിശോധന നടത്തുന്നത്. എന്നിരുന്നാലും, വൈഡൽ പരിശോധനയ്ക്ക് കൃത്യത കുറവാണ്, കാരണം മലേറിയ അല്ലെങ്കിൽ മറ്റ് അണുബാധകൾ ഉണ്ടെങ്കിലും അത് തെറ്റായ പോസിറ്റീവ് ഫലങ്ങൾ കാണിക്കാൻ സാധ്യതയുണ്ട്.[4]

ഉറവിടങ്ങൾ

നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.

Scroll to Top
This site is registered on wpml.org as a development site. Switch to a production site key to remove this banner.