പതിവ് ചോദ്യങ്ങൾ
ലക്ഷണങ്ങൾ
ടൈഫോയ്ഡ് പനിയുടെ സാധാരണ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പനി, തലവേദന, അമിതമായ ക്ഷീണം, വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവയാണ് ടൈഫോയിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.[1]
രോഗം പിടിപെട്ട് എത്ര സമയം കഴിഞ്ഞാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും?
ടൈഫോയ്ഡ് ബാധിച്ച ഒരാളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ഏകദേശം 7 മുതൽ 14 ദിവസം വരെ എടുക്കും. എന്നാൽ ചില ആളുകളിൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനുള്ളിലോ, ചിലരിൽ രണ്ട് മാസം വരെ വൈകിയോ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. [2]
ടൈഫോയ്ഡ് പനി ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ?
ചികിത്സിക്കാതെ വിടുകയാണെങ്കിൽ, ടൈഫോയ്ഡ് പനി കുടൽ രക്തസ്രാവം അല്ലെങ്കിൽ സുഷിരങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രോഗം മൂർച്ഛിക്കുന്ന സാഹചര്യങ്ങളിൽ, ഇത് തലച്ചോറ് ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം.[3,4]
ടൈഫോയ്ഡ് പനി ഭക്ഷ്യവിഷബാധയ്ക്ക് തുല്യമാണോ?
സാൽമൊണെല്ല ടൈഫി എന്ന രോഗാണു ഭക്ഷണത്തിലൂടെ പകരുന്നത് മൂലമാണ് ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന ഭക്ഷ്യവിഷബാധയിൽ നിന്നും വ്യത്യസ്തമാണ്. ടൈഫോയ്ഡ് ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള ഒരു രോഗമാണ്, ഇത് കൃത്യസമയത്ത് ശരിയായ ആന്റിമൈക്രോബിയലുകൾ ഉപയോഗിച്ച് ചികിത്സിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ടൈഫോയിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും വഴി തടയുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഭക്ഷ്യവിഷബാധ മിക്കവാറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുഖപ്പെടാറുണ്ട്.[5,6]
ടൈഫോയ്ഡ് രോഗത്തിന് ചികിത്സ തേടാതിരുന്നാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്?
കൃത്യസമയത്ത് ചികിത്സ തേടുകയും ശരിയായ മരുന്നുകൾ കഴിക്കുകയും ചെയ്താൽ, ടൈഫോയ്ഡ് പനി ഒരാഴ്ചയ്ക്കുള്ളിൽ സുഖപ്പെടുത്താൻ സാധിക്കും. എന്നാൽ, ചികിത്സിക്കാതെ വിടുകയാണെങ്കിൽ രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്യും. ചികിത്സിക്കാത്ത രോഗികൾക്ക് പൂർണ്ണമായും സുഖം പ്രാപിക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നേക്കാം.[1]
ടൈഫോയ്ഡ് ഉണ്ടെന്ന് സംശയം തോന്നിയാൽ ഞാൻ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
നിങ്ങൾക്ക് ടൈഫോയ്ഡ് പനി ഉണ്ടെന്ന് തോന്നിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. രോഗലക്ഷണങ്ങൾ നിലനിൽക്കുകയോ വഷളാകുകയോ ചെയ്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നേക്കാം.[7,8]
പ്രതിരോധം
ടൈഫോയ്ഡ് എങ്ങനെ തടയാം?
പ്രതിരോധ കുത്തിവയ്പ്പിനൊപ്പം ഇടയ്ക്കിടെ കൈ കഴുകുന്നതിലൂടെയും നല്ല ശുചിത്വം പാലിക്കുന്നതിലൂടെയും നിങ്ങൾക്ക് ടൈഫോയ്ഡ് തടയാൻ കഴിയും. ഏത് പ്രതിരോധ കുത്തിവയ്പ്പാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്താൻ നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
ടൈഫോയ്ഡ് തടയുന്നതിന് കൈ കഴുകേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്മൾ സോപ്പ് ഉപയോഗിച്ച് ശരിയായി കൈ കഴുകുന്നില്ലെങ്കിൽ, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പോ ശൗചാലയം ഉപയോഗിച്ചതിന് ശേഷമോ, ടൈഫോയ്ഡ് രോഗാണുക്കൾക്ക് നമ്മൾ സ്പർശിക്കുന്ന വസ്തുക്കളിൽ നിന്ന് നമ്മുടെ വായിലേക്കോ മറ്റ് ആളുകളിലേക്കോ എളുപ്പത്തിൽ നീങ്ങാൻ കഴിയും.[9]
ശുദ്ധീകരിക്കാത്ത വെള്ളത്തിൽ നിന്ന് എനിക്ക് ടൈഫോയ്ഡ് പകരുമോ?
ഉവ്വ്. സാൽമൊണെല്ല ടൈഫി രോഗാണു മലിനമാക്കിയ ശുദ്ധീകരിക്കാത്തതോ മലിനമായതോ ആയ വെള്ളം കുടിക്കുന്നത് ടൈഫോയ്ഡ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.[5]
ടൈഫോയ്ഡ് തടയാൻ ഞാൻ വീട്ടിൽ എന്തൊക്കെ ശുചിത്വ രീതികൾ പാലിക്കണം?
ടൈഫോയിഡിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് വീട്ടിൽ ഈ ശുചിത്വ രീതികൾ പാലിക്കുക:
- ചൂടുള്ള വെള്ളത്തിൽ സോപ്പിട്ട് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.
- സംസ്കരിക്കാത്തതോ ശുദ്ധീകരിക്കാത്തതോ ആയ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ എല്ലാ ഭക്ഷണ സാധനങ്ങളും നന്നായി പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- തൊലി കളയാനോ ശരിയായി കഴുകാനോ കഴിയാത്ത പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒഴിവാക്കുക.
- പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.[10]
രോഗബാധിത വ്യക്തിയുമായുള്ള സാധാരണ സമ്പർക്കത്തിലൂടെ ടൈഫോയ്ഡ് പകരുമോ?
ഇല്ല, ടൈഫോയ്ഡ് രോഗം ബാധിച്ച ഒരാളുമായി സാധാരണ രീതിയിൽ ഇടപഴകിയാൽ രോഗം പകരില്ല. പക്ഷേ, അവർ സ്പർശിച്ച എന്തെങ്കിലുമായി നിങ്ങൾ സമ്പർക്കം പുലർത്തുകയാണെങ്കിൽ, പ്രത്യേകിച്ചും ശുചിമുറിയിൽ പോയതിന് ശേഷം അവർ കൈ കഴുകിയില്ലെങ്കിൽ, നിങ്ങൾക്ക് ടൈഫോയ്ഡ് പിടിപെടാനുള്ള സാധ്യതയുണ്ട്.[11]
ശരിയായ ശുചിത്വം ടൈഫോയ്ഡ് അണുബാധ കുറയ്ക്കാൻ എങ്ങനെ സഹായിക്കും?
ടൈഫോയിഡിന് കാരണമാകുന്ന രോഗാണു മനുഷ്യന്റെ മലത്തിലൂടെയും മൂത്രത്തിലൂടെയും വ്യാപിക്കുന്നു. ശുചിത്വമില്ലാത്ത സ്ഥലങ്ങളിൽ, രോഗബാധയുള്ള മനുഷ്യരുടെ വിസർജ്യം ജലസ്രോതസുകളിൽ കലരാൻ സാധ്യതയുണ്ട്. ഈ വെള്ളം കുടിക്കുകയോ ഈ വെള്ളത്തിൽ കഴുകിയ ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന ആളുകൾക്ക് ടൈഫോയ്ഡ് വരാൻ സാധ്യതയുണ്ട്.[5]
ടൈഫോയ്ഡ് തടയുന്നതിൽ ഭക്ഷ്യസുരക്ഷയുടെ പങ്ക് എന്താണ്?
സാൽമൊണെല്ല ടൈഫി ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നതിനാൽ, ഭക്ഷ്യസുരക്ഷ പരിശീലിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് പിന്തുടരാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ:[11]
- നിങ്ങൾക്ക് ടൈഫോയ്ഡ് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യരുത്.
- ഭക്ഷണം പാകം ചെയ്യുന്നതിനോ വിളമ്പുന്നതിനോ കഴിക്കുന്നതിനോ മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.
- ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും പാചകം ചെയ്യുന്ന സ്ഥലവും പാത്രങ്ങളും നന്നായി വൃത്തിയാക്കുക.
- യാത്ര ചെയ്യുമ്പോൾ, ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, ഉയർന്ന താപനിലയിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയോ ഭക്ഷണപ്പൊതികൾ വാങ്ങി ഉപയോഗിക്കുകയോ ചെയ്യുക.
- ശുദ്ധീകരിക്കാത്ത വെള്ളം കൊണ്ടോ ഐസ് കട്ടകൾ കൊണ്ടോ ഉണ്ടാക്കിയ പാനീയങ്ങൾ കുടിക്കാതിരിക്കുക.
- ഉറപ്പില്ലെങ്കിൽ, തിളപ്പിച്ച വെള്ളമോ കുപ്പിവെള്ളമോ കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
രോഗനിർണയവും ചികിത്സയും
ടൈഫോയ്ഡ് രോഗനിർണയം നടത്തുന്നത് എങ്ങനെയാണ്?
നിങ്ങളുടെ രക്തം, മലം, മൂത്രം അല്ലെങ്കിൽ അസ്ഥിമജ്ജ എന്നിവയുടെ സാമ്പിൾ പരിശോധിച്ചാണ് ടൈഫോയ്ഡ് പനി ഉണ്ടോയെന്ന് കണ്ടെത്തുന്നത്..[12]
ടൈഫോയിഡിനുള്ള സാധാരണ ചികിത്സകൾ എന്തൊക്കെയാണ്?
ടൈഫോയിഡിനുള്ള ഏറ്റവും സാധാരണമായ ചികിത്സ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ആൻ്റിബയോട്ടിക്കുകളുടെ ഒരു കോഴ്സാണ്. ശരിയായ ചികിത്സയിലൂടെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. വീട്ടിൽ നന്നായി വിശ്രമിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.[13] ഇന്ന് തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് ടൈഫോയ്ഡ് പനി വരാനുള്ള സാധ്യത കുറയ്ക്കുക.
ടൈഫോയിഡിൽ നിന്ന് മുക്തിനേടാൻ എനിക്ക് ആന്റിബയോട്ടിക്കുകൾ ആവശ്യമുണ്ടോ?
ഉവ്വ്, ടൈഫോയിഡിൽ നിന്ന് മുക്തിനേടാൻ ആന്റിബയോട്ടിക്കുകൾ അത്യാവശ്യമാണ്. മിക്ക ആളുകളും 10 മുതൽ 14 ദിവസം വരെ പൂർണ്ണമായ കോഴ്സ് എടുക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾ കഴിച്ച് 6 മുതൽ 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ ലക്ഷണങ്ങൾ മെച്ചപ്പെടുമെങ്കിലും, ഡോക്ടർ നിർദ്ദേശിച്ചതുപോലെ മുഴുവൻ കോഴ്സും പൂർത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.[13]
ടൈഫോയിഡിൽ നിന്ന് മുക്തിനേടാൻ എത്ര സമയമെടുക്കും?
ടൈഫോയിഡിനുള്ള ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് സുഖം തോന്നാൻ തുടങ്ങും. പനിയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാൻ 10 ദിവസം വരെ എടുത്തേക്കാം; ക്ഷീണവും ബലഹീനതയും കുറയാൻ കൂടുതൽ സമയമെടുത്തേക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് സങ്കീർണതകളോ രോഗപുനരാഗമനമോ ഉണ്ടായാൽ, സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കും.[11]
ടൈഫോയ്ഡ് പനി വീട്ടിൽ ചികിത്സിക്കാമോ അതോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടോ?
നേരത്തെ കണ്ടെത്തിയാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ടൈഫോയ്ഡ് പനി വീട്ടിൽ ചികിത്സിക്കാം. എന്നാൽ രോഗലക്ഷണങ്ങൾ തീവ്രമാണെങ്കിലോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിലോ നിങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം.[13]
ടൈഫോയിഡിൽ നിന്ന് സുഖം പ്രാപിക്കുമ്പോൾ ഞാൻ എന്താണ് കഴിക്കേണ്ടതും കുടിക്കേണ്ടതും?
ടൈഫോയ്ഡ് പനിയിൽ നിന്ന് സുഖം പ്രാപിക്കുമ്പോൾ, പതിവായി ഭക്ഷണം കഴിക്കുകയും ധാരാളം ദ്രാവകങ്ങൾ കുടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മൂന്ന് നേരം വലിയ രീതിയിൽ ഭക്ഷണം കഴിക്കുന്നതിനു പകരം, നിങ്ങൾക്ക് ദിവസം മുഴുവൻ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം. പുതുതായി തയ്യാറാക്കി ചൂടോടെ വിളമ്പുന്ന ഭക്ഷണം കഴിക്കുക. പാകം ചെയ്യാത്തതോ സാധാരണ ഊഷ്മാവിൽ വെക്കുന്നതോ ആയ എന്തും ഒഴിവാക്കുക.[10,13]
പ്രതിരോധ കുത്തിവയ്പ്പ്
ലഭ്യമായ വിവിധ തരം ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പുകൾ ഏതൊക്കെയാണ്?
ടൈഫോയ്ഡ് പനിക്ക് രണ്ട് തരം പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാണ്:[14]
- ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിൻ (TCV)
- Vi- പോളിസാക്കറൈഡ്(Vi-PS)
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പുകൾ എത്രനാൾ സംരക്ഷണം നൽകും?
ഓരോ പ്രതിരോധ കുത്തിവയ്പ്പിനും ടൈഫോയിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ടൈഫോയ്ഡ് തടയാൻ എല്ലാ പ്രായക്കാരിലും TCVക്കാണ് മുൻഗണന. കാരണം ഇത് ചെറിയ കുട്ടികൾക്ക് കൂടുതൽ അനുയോജ്യവും, ദീർഘകാല സംരക്ഷണം നൽകുന്നതും ആണ്.[14] ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതൽ വായിക്കാം.
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പ് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ടോ?
പ്രതിരോധ കുത്തിവയ്പ്പിന് ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെങ്കിലും, ചില ആളുകൾക്ക് കുത്തി വെച്ച ഭാഗത്ത് പനി, വേദന, വീക്കം എന്നിവ അനുഭവപ്പെടുന്നു.[15]
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പ് കുട്ടികൾക്ക് സുരക്ഷിതമാണോ?
6 മാസം പ്രായത്തിൽ പോലും നൽകാൻ കഴിയുന്നതിനാൽ കുട്ടികൾക്കുള്ള ഏറ്റവും സുരക്ഷിതമായ പ്രതിരോധ കുത്തിവയ്പ്പായി TCV കണക്കാക്കപ്പെടുന്നു. 2 വയസും അതിനു മുകളിലുമുള്ള കുട്ടികൾക്ക് Vi-PS നൽകാം.[15]
ടൈഫോയിഡിനുള്ള പ്രതിരോധ കുത്തിവയ്പ്പ് എനിക്ക് എവിടെ ലഭിക്കും?
ടൈഫോയിഡിനുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന്, ഇന്ന് തന്നെ നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
യാത്രാ മുൻകരുതലുകൾ
ടൈഫോയ്ഡ് പതിവായി കണ്ടുവരുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഞാൻ ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം?
യാത്ര ചെയ്യുമ്പോൾ, പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും, പ്രത്യേകിച്ച് കഴുകാനോ തൊലി കളയാനോ കഴിയാത്തവ ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത കടൽവിഭവങ്ങൾ, പാകം ചെയ്യാത്ത മുട്ടകൾ, ശുദ്ധീകരിക്കാത്ത പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുക. ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഐസ് ഇല്ലാത്ത പാനീയങ്ങൾ ചോദിച്ചു വാങ്ങുക.[10]
യാത്ര ചെയ്യുമ്പോൾ എനിക്ക് എങ്ങനെ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാം?
യാത്ര ചെയ്യുമ്പോൾ തിളപ്പിച്ച വെള്ളമോ കുപ്പിവെള്ളമോ മിനറൽ വാട്ടറോ കുടിക്കുക.[10]
യാത്ര ചെയ്യുമ്പോൾ വഴിയോരങ്ങളിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ?
യാത്ര ചെയ്യുമ്പോൾ വഴിയോരങ്ങളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, അത്യാവശ്യം വന്നാൽ, തണുത്തതോ പാകം ചെയ്യാത്തതോ തിരഞ്ഞെടുക്കാതെ, അപ്പോൾ പാകം ചെയ്ത, ആവിയിൽ ഉണ്ടാക്കിയ ചൂടുള്ള ഭക്ഷണം തിരഞ്ഞെടുക്കുക.[10]
യാത്രയ്ക്കിടെ ഞാൻ എന്തൊക്കെ ശുചിത്വ രീതികൾ പാലിക്കണം?
ഇടയ്ക്കിടെ കൈ കഴുകാൻ ശ്രദ്ധിക്കുക. സോപ്പ് കൂടെ കൊണ്ടുപോയി, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈ കഴുകുക. നിങ്ങൾക്ക് സോപ്പ് ഇല്ലെങ്കിൽ, ആൽക്കഹോൾ ചേർത്ത സാനിറ്റൈസർ(അണുനാശിനി) ഉപയോഗിക്കാം.[10]
യാത്രയ്ക്കിടെ എനിക്ക് ടൈഫോയ്ഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ഞാൻ എന്തു ചെയ്യണം?
നിങ്ങൾക്ക് അസുഖം വരുകയും യാത്രയ്ക്കിടെ ടൈഫോയ്ഡ് ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്താൽ, നിങ്ങൾ ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.[1]
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയാൽ ടൈഫോയ്ഡ് വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയാൽ ടൈഫോയ്ഡ് വരാതിരിക്കാൻ, വ്യക്തിപരമായ ശുചിത്വം നന്നായി പാലിക്കാൻ ശ്രദ്ധിക്കുക. പതിവായി കൈ കഴുകുക, പാകം ചെയ്യാത്ത ഭക്ഷണങ്ങളും ശുദ്ധീകരിക്കാത്ത വെള്ളത്തിൽ ഉണ്ടാക്കിയ പാനീയങ്ങളും ഒഴിവാക്കുക. ശുചിത്വ നിലവാരം മോശമായ പ്രദേശങ്ങളിലേക്ക് നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതാണ് നല്ലത്.[13,10, 16]
ഉറവിടങ്ങൾ
- https://www.nhs.uk/conditions/typhoid-fever/symptoms/
- https://www.emro.who.int/health-topics/typhoid-fever/introduction.html
- https://www.nhs.uk/conditions/typhoid-fever/complications/
- https://www.mayoclinic.org/diseases-conditions/typhoid-fever/symptoms-causes/syc-20378661
- https://www.nhs.uk/conditions/typhoid-fever/causes/
- https://www.nhs.uk/conditions/food-poisoning/
- https://www.mayoclinic.org/diseases-conditions/typhoid-fever/symptoms-causes/syc-20378661#when-to-see-a-doctor
- https://www.nhs.uk/conditions/typhoid-fever/treatment/
- https://www.mayoclinic.org/diseases-conditions/typhoid-fever/symptoms-causes/syc-20378661#causes
- https://www.mayoclinic.org/diseases-conditions/typhoid-fever/symptoms-causes/syc-20378661#prevention
- https://my.clevelandclinic.org/health/diseases/17730-typhoid-fever
- https://www.mayoclinic.org/diseases-conditions/typhoid-fever/diagnosis-treatment/drc-20378665
- https://www.nhs.uk/conditions/typhoid-fever/treatment/
- https://www.who.int/teams/immunization-vaccines-and-biologicals/diseases/typhoid
- https://www.who.int/groups/global-advisory-committee-on-vaccine-safety/topics/typhoid-vaccines
- https://www.nhs.uk/conditions/typhoid-fever/vaccination/
നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.