ടൈഫോയ്ഡ് എങ്ങനെ തടയാം?
ടൈഫോയ്ഡ് അകറ്റിനിർത്താനുള്ള ലളിതമായ മാർഗ്ഗങ്ങൾ.

ഈച്ചകൾ (ഫ്ലൈസ്), വിരലുകൾ (ഫിങ്കേഴ്സ്), വിസർജ്ജ്യം(ഫീസീസ്), രോഗാണുവാഹക വസ്തുക്കൾ (ഫോമിട്ട്സ്) എന്നീ നാല് ‘F’ കളിലൂടെ ടൈഫോയ്ഡ് പടരുമെന്ന് പറയപ്പെടുന്നു.[1] ശുചിത്വമില്ലായ്മയും നല്ല കുടിവെള്ള സൗകര്യമില്ലായ്മയുമുള്ള ഇടങ്ങളിൽ ഇത് പെട്ടെന്ന് പടർന്നുപിടിക്കും.[2]
ടൈഫോയ്ഡ് വരാതിരിക്കാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി:[3]

ഇടയ്ക്കിടെ കൈ കഴുകുക

ഭക്ഷണവും വെള്ളവും സുരക്ഷിതമായി ഉപയോഗിക്കുക.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക
WASH നടപടിക്രമം
ശുദ്ധമായ വെള്ളത്തിന്റെ കുറവും, തൃപ്തികരമായ ശുചിത്വത്തിന്റെയും ശുചിത്വ നടപടികളുടെയും അഭാവവും മൂലം സമൂഹത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകാൻ സാധ്യതയുണ്ട്. ടൈഫോയിഡിനെ തടയാൻ വാട്ടർ, സാനിറ്റേഷൻ, ഹൈജീൻ (WASH) നടപടിക്രമം പാലിക്കുന്നത് സഹായകരമാണ്. മെച്ചപ്പെട്ട WASH സൗകര്യങ്ങൾ ടൈഫോയ്ഡും മറ്റ് സാംക്രമിക രോഗങ്ങളും കുറയ്ക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗമാണ്.[1]

സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.[3]
ഭക്ഷണ പാനീയ സുരക്ഷ

പാനീയ സുരക്ഷ[3]
- ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം കുടിക്കുക അല്ലെങ്കിൽ കുപ്പിവെള്ളം ഉപയോഗിക്കുക (കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് 1 മിനിറ്റെങ്കിലും വെള്ളം തിളപ്പിക്കുക)
- വിശ്വാസമില്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള ഐസ്ക്രീമുകൾ, ഐസ് കട്ടകൾ, പോപ്‌സിക്കിളുകൾ എന്നിവ ഒഴിവാക്കുക (മിനറൽ വാട്ടറിലോ, തിളപ്പിച്ച വെള്ളത്തിലോ ഉണ്ടാക്കിയവയല്ലെങ്കിൽ)
- ശുദ്ധീകരിക്കാത്ത പാൽ കുടിക്കരുത്

ഭക്ഷ്യസുരക്ഷ[3,4]
- നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക
- ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം മാത്രം പച്ചക്കറികളും പഴങ്ങളും കഴിക്കുക
- പുതുതായി പാകം ചെയ്ത് ചൂടോടെ വിളമ്പുന്നതും വൃത്തിയുള്ളതുമായ വഴിയോര ഭക്ഷണം മാത്രം കഴിക്കുക.
- ശുദ്ധീകരിക്കാത്ത പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
- പാകം ചെയ്യാത്ത മുട്ടകൾ ഒഴിവാക്കുക
പ്രതിരോധ കുത്തിവയ്പ്പ്
WASH നടപടിക്രമം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്താൻ വർഷങ്ങളെടുക്കുമെങ്കിലും, പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും (കോവിഡ് സമയത്ത് കണ്ടതുപോലെ). ടൈഫോയ്ഡ് വരാൻ സാധ്യതയുള്ള രാജ്യങ്ങൾ, പകർച്ചവ്യാധിയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടിയായി പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്നു.[5]
ഇന്ത്യയിൽ രണ്ട് തരം ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്:[5]
ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിൻ (TCV)
Vi പോളിസാക്കറൈഡ് ആന്റിജൻ ഒരു കാരിയർ പ്രോട്ടീനുമായി ബന്ധിപ്പിച്ച ഒരു കുത്തിവയ്പ്പ് വാക്സിൻ.
വി പോളിസാക്കറൈഡ് (Vi-PS) പ്രതിരോധ കുത്തിവയ്പ്പ്
ശുദ്ധീകരിച്ച Vi ആന്റിജൻ മാത്രം അടങ്ങിയ, ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന അൺകോൺജുഗേറ്റഡ് പോളിസാക്കറൈഡ് പ്രതിരോധ കുത്തിവയ്പ്പ്.
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ താരതമ്യം[5,6]
സവിശേഷതകൾ | ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിൻ (TCV)+ | Vi പോളിസാക്കറൈഡ് (Vi-PS) |
---|---|---|
കാര്യക്ഷമത | 87.1% വരെ | 55-61% |
പ്രായം | 6 മാസമോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികൾക്ക് നൽകാം | 2 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് നൽകാം |
നൽകുന്ന രീതി | കുത്തിവയ്പ്പ് | കുത്തിവയ്പ്പ് |
സംരക്ഷണം | കുറഞ്ഞത് 7 വർഷം | പരമാവധി 2-3 വർഷം |
+മേൽപ്പറഞ്ഞ പട്ടികയുടെ വിവരങ്ങൾ ടൈപ്പ്ബാർ-TCV ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്നും ശേഖരിച്ചതാണ്. മറ്റ് TCV പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (WHO-SAGE) വിദഗ്ദ്ധ സമിതി, 6 മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികൾക്ക്, അവരുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികളുടെ ഭാഗമായി, ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിൻ (TCV) നൽകാൻ നിർദ്ദേശിക്കുന്നു.[6] ഈ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് കുറഞ്ഞത് 28 ദിവസത്തിന് ശേഷം സംരക്ഷണം നൽകിത്തുടങ്ങുന്നു. കുറിപ്പ്: ശരിയായ ഡോസിനായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.[7]
ടൈഫോയ്ഡ് പനി തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?
ശുചിത്വ നടപടികൾ (WASH) + പ്രതിരോധ കുത്തിവയ്പ്പ് ആണ് ടൈഫോയിഡിനെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം. ശുചീകരണം രോഗ സാധ്യത കുറയ്ക്കുമെങ്കിലും, ഇവയോടൊപ്പം പ്രതിരോധ കുത്തിവയ്പ്പ് കൂടി എടുക്കുന്നത് രോഗബാധക്കുള്ള സാധ്യതയെ വളരെ അധികം കുറയ്ക്കുന്നു.
ബന്ധപ്പെട്ട പേജുകൾ
ഉറവിടങ്ങൾ
- https://www.ncbi.nlm.nih.gov/books/NBK557513/
- https://www.who.int/news-room/fact-sheets/detail/typhoid
- https://www.cdc.gov/typhoid-fever/prevention/index.html
- https://www.dshs.texas.gov/sites/default/files/IDCU/investigation/electronic/EAIDG/2023/Typhoid-Fever-Salmonella-Typhi.pdf
- പർപ്പിൾ ബുക്ക്: പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള 2022-ലെ IAP മാർഗ്ഗരേഖ, പ്രതിരോധ കുത്തിവയ്പ്പുകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഉപദേശക സമിതിയുടെ (ACVIP) വിവരശേഖരം.
- https://iris.who.int/bitstream/handle/10665/367354/WHO-IVB-2023.01-eng.pdf?sequence=1&isAllowed=y
- https://www.thelancet.com/journals/lancet/article/PIIS0140-6736(24)01494-6/fulltext
നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.