Typhoid Needs Attention

ടൈഫോയിഡിന് എന്ത് ചികിത്സയാണ് നൽകുന്നത്?

കൃത്യസമയത്തുള്ള ചികിത്സ രോഗം പൂർണ്ണമായും ഭേദമാക്കാൻ സഹായിക്കുന്നു.

ടൈഫോയ്ഡ് പനി സാധാരണയായി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം. രോഗം സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്, കാരണം വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.[1] കൃത്യസമയത്ത് ചികിത്സ നൽകിയാൽ സാധാരണയായി 6-7 ദിവസത്തിനുള്ളിൽ രോഗം ഭേദമാകും. എന്നാൽ ചികിത്സ വൈകുന്നത് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന പനിക്ക് കാരണമാകും. ടൈഫോയ്ഡ് പനി ഭേദമായ ചില ആളുകൾ രോഗാണുക്കളെ പുറന്തള്ളുന്നത് തുടരുകയും സാൽമൊണെല്ല ടൈഫി രോഗാണുവിന്റെ സ്ഥിരമായ വാഹകരായി മാറുകയും ചെയ്യുന്നു.[2]

സാധാരണയായി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നതെങ്കിലും, അവയുടെ അമിതമായ ഉപയോഗവും, ഡോക്ടർ നിർദ്ദേശിച്ച രീതിയിൽ മരുന്നുകൾ കഴിക്കാത്തതും, വിവിധ തരം ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിന് കാരണമാകുന്നു. ഇത് ചികിത്സയെ കൂടുതൽ സങ്കീർണ്ണവും ചിലവേറിയതുമാക്കുകയും, ആരോഗ്യപരിപാലനത്തിൻ്റെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.[3]

ആന്റിബയോട്ടിക്കുകൾ

ടൈഫോയ്ഡ് പനി ചികിത്സിക്കുന്നതിന് അത്യാവശ്യമായ മരുന്നുകളിൽ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുന്നു. സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയ്ക്ക് രോഗം കൃത്യമായി നിർണ്ണയിക്കുകയും, ഡോക്ടർ നൽകുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും ചെയ്യേണ്ടതുണ്ട്.

നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക്കുകളുടെ മുഴുവൻ കോഴ്സും പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ അളവ് പൂർത്തിയാക്കാതിരുന്നാൽ, രോഗം പൂർണ്ണമായും ഭേദമാകാതിരിക്കാനും, വീണ്ടും വരാനും, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.[3]

ശരിയായ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചില്ലെങ്കിൽ പനി 3 മുതൽ 4 ആഴ്ച വരെ വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. എന്നാൽ ചികിത്സ ആരംഭിച്ചാൽ, സാധാരണയായി 6 മുതൽ 7 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കുറഞ്ഞുതുടങ്ങും.[4] എന്നിരുന്നാലും രോഗലക്ഷണങ്ങൾ മാറിയാലും ദിവസങ്ങളോളം തളർച്ചയും ബലഹീനതയും അനുഭവപ്പെടാം.

ആന്റിമൈക്രോബിയൽ പ്രതിരോധം

ആന്റിമൈക്രോബിയൽ പ്രതിരോധം അല്ലെങ്കിൽ AMR-ന്റെ ഉയർച്ചയാണ് ആഗോള ആരോഗ്യ പ്രശ്നങ്ങളിലൊന്ന്.

അണുബാധകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിമൈക്രോബിയലുകൾ. ഇതുവരെ ഫലപ്രദമായിരുന്ന ഈ മരുന്നുകൾ അണുബാധകളെ ചികിത്സിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് ആന്റിമൈക്രോബിയൽ പ്രതിരോധം (AMR) ഉണ്ടാകുന്നത്. ഇത് രോഗം പടരാനുള്ള സാധ്യത കൂട്ടുകയും, ഗുരുതരമായ രോഗങ്ങൾക്കും, മരണത്തിനും കാരണമാവുകയും ചെയ്യുന്നു. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളെ അപകടത്തിലാക്കുന്നു.[5]

നിർഭാഗ്യവശാൽ, മറ്റ് പല രോഗാണുക്കളെയും പോലെ, സാൽമൊണെല്ല ടൈഫിയും ആന്റിബയോട്ടിക്കുകളോട് കൂടുതൽ പ്രതിരോധശേഷിയുള്ളതായി മാറുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും മരുന്നുകള്‍ക്കെതിരെ അതിശക്തമായ പ്രതിരോധശേഷിയുള്ള (XDR) സാൽമൊണെല്ല ടൈഫിയുടെ പുതിയ വകഭേദം പ്രത്യക്ഷപ്പെടുകയും, ലോകമെമ്പാടും പടർന്നുപിടിക്കുകയും ചെയ്യുന്നത് ഈ പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു.[6]

ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ഒരു പ്രധാന കാരണം ദുരുപയോഗം, അമിത ഉപയോഗം, കുറഞ്ഞ അളവ്, അപൂർണ്ണമായ ദൈർഘ്യം, സാധുവായ കുറിപ്പടി ഇല്ലാതെ അമിതമായി വാങ്ങൽ, കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിലും ഈ മരുന്നുകളുടെ മറ്റ് ദുരുപയോഗം എന്നിവയാണ്. ലോകമെമ്പാടുമുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 2000-നും 2015-നും ഇടയിൽ 65% വർദ്ധിച്ചു, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ. ഉചിതമായ നടപടികൾ എടുത്തില്ലെങ്കിൽ, 2030-ഓടെ (2015 നെ അപേക്ഷിച്ച്) ഇത് മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു.[7]

AMR-ന്റെ പ്രത്യാഘാതങ്ങൾ

ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷിയുള്ള സാൽമൊണെല്ല ടൈഫി രോഗാണുക്കൾ വർധിക്കുന്നതിനാൽ, സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും കാലക്രമേണ ഫലപ്രദമല്ലാതാകും. ഇത്തരത്തിലുള്ള പ്രതിരോധശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ടൈഫോയ്ഡ് പനിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയും, ചികിത്സ കൂടുതൽ സങ്കീർണ്ണവും ചിലവേറിയതുമാക്കുകയും ചെയ്യും.[7] പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കുന്നുണ്ടെങ്കിലും, രോഗാണുക്കൾ അതിലും വേഗത്തിൽ പ്രതിരോധശേഷി നേടുന്നു.[1]

എന്നാൽ, പ്രതിരോധ കുത്തിവയ്പ്പുകൾ പുതിയ മരുന്നുകളോട് പ്രതിരോധശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.[6]

ആന്റിബയോട്ടിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധശേഷിയെ ചെറുക്കുന്നതിന് പ്രതിരോധ കുത്തിവയ്‌പ്പുകൾ വളരെ പ്രധാനപ്പെട്ട ഒരു ആയുധമാണ്. രോഗം വരുന്നതിനു മുൻപേ തന്നെ രോഗാണുക്കളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പ്രതിരോധ കുത്തിവയ്‌പ്പുകൾ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത ആളുകൾക്ക് അണുബാധകൾ കുറവായിരിക്കും. അതിനാൽ അവർക്ക് കുറഞ്ഞ അളവിൽ ആന്റിബയോട്ടിക്കുകൾ മതിയാകും. ഇത് അവരെ രോഗം മൂർച്ഛിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.[7]

ഗൃഹ പരിചരണം

ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കും ചികിത്സയ്ക്കുമൊപ്പം, നിങ്ങൾക്ക് വീട്ടിൽ തന്നെ പിന്തുടരാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ:[3,8]

ഡോക്ടർ നിർദ്ദേശിക്കുന്നിടത്തോളം കാലം മരുന്ന് കഴിക്കുന്നത് തുടരുക.

ശൗചാലയം ഉപയോഗിച്ചതിന് ശേഷവും, ഭക്ഷണം ഉണ്ടാക്കുമ്പോഴും വിളമ്പുമ്പോഴും, ഭക്ഷണം കഴിക്കുന്നതിന് മുൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.

വീട്ടിൽ ലഭ്യമായ പാനീയങ്ങൾ ധാരാളമായി കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.

ഈ കാര്യങ്ങൾ പിന്തുടരുന്നത് അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കും.

ആശുപത്രിവാസം

ചെറിയ തോതിലുള്ള ടൈഫോയ്ഡ് പനിക്ക്, നല്ല ശുചിത്വവും ആരോഗ്യശീലങ്ങളും, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളും കഴിച്ചാൽ മതിയാകും. എന്നിരുന്നാലും, പനി തുടരുകയാണെങ്കിൽ, രോഗിക്ക് അസുഖം തോന്നുകയോ നിർജ്ജലീകരണം അനുഭവപ്പെടുകയോ ചെയ്താൽ, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഉറവിടങ്ങൾ

നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.

Scroll to Top
This site is registered on wpml.org as a development site. Switch to a production site key to remove this banner.