എന്താണ് ടൈഫോയ്ഡ്?
പ്രതിരോധത്തിലേക്കുള്ള ആദ്യപടി അത് മനസ്സിലാക്കുക എന്നതാണ്.
സാൽമൊണെല്ല ടൈഫി മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ടൈഫോയ്ഡ്.[1] മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന ഒരു തരം കുടൽ സംബന്ധമായ പനിയാണിത്.[2] മനുഷ്യരിൽ മാത്രം ജീവിക്കുന്ന ഈ രോഗാണുക്കളെ, നമ്മുടെ ശരീരം ലക്ഷണങ്ങളൊന്നുമില്ലാതെ ദീർഘകാലം (ചിലപ്പോൾ വർഷങ്ങളോളം) വഹിക്കുകയും, അറിയാതെ അവയെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു.[4] മലിനമായ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ, രോഗാണു കുടലിൽ പ്രവേശിച്ച് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.[3] ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ടൈഫോയ്ഡ് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യും. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.[4]
എങ്ങനെ വ്യാപിക്കുന്നു?
ഷെഡ്ഡിംഗ്
മലവിസർജ്ജന സമയത്ത് രോഗാണുക്കൾ രോഗബാധിത വ്യക്തിയുടെ ശരീരത്തിൽ നിന്ന് പുറത്തുകടക്കുന്ന ‘ഷെഡ്ഡിംഗ്’ എന്ന പ്രക്രിയയിലൂടെയാണ് ടൈഫോയ്ഡ് വ്യാപിക്കുന്നത്. സാൽമൊണെല്ല ടൈഫി രോഗാണുക്കളെ പുറന്തള്ളുന്ന ഒരാൾ കൈകാര്യം ചെയ്യുന്ന ഭക്ഷണമോ പാനീയങ്ങളോ കഴിച്ചാൽ നിങ്ങൾക്ക് ടൈഫോയ്ഡ് ഉണ്ടാകാം.[5]
ഇൻജെസ്ഷൻ
രോഗാണു ഉള്ളിൽ എത്തിയാൽ ആളുകൾ രോഗബാധിതരാകുന്നു. സാധാരണയായി മലിനജലം കലർന്ന ഭക്ഷണപാനീയങ്ങളിലൂടെയോ, മലിനജലം ഉപയോഗിച്ച് കഴുകിയ പ്ലേറ്റുകളിൽ ഭക്ഷണം കഴിക്കുന്നതിലൂടെയോ ശൗചാലയം ഉപയോഗിച്ചതിന് ശേഷം കൈ കഴുകാത്ത ഒരാൾ സ്പർശിച്ച ഭക്ഷണം കഴിക്കുന്നതിലൂടെയോ ഇത് സാധാരണയായി സംഭവിക്കുന്നു.[6]

മലിനമായ ഭക്ഷണവും വെള്ളവും
ശരിയായി കഴുകിയിട്ടില്ലാത്ത അല്ലെങ്കിൽ പാകം ചെയ്യാത്ത ഭക്ഷ്യ വസ്തുക്കളായ പഴങ്ങൾ, സലാഡുകൾ എന്നിവയിലൂടെയോ സുരക്ഷിതമല്ലാത്ത ഐസ് ക്യൂബുകളുടെയോ സുരക്ഷിതമല്ലാത്ത പഴച്ചാറുകളുടെയോ രൂപത്തിലുള്ള മലിനമായ കുടിവെള്ളത്തിലൂടെയോ ഇത് പകരാം.[7]

ദീർഘകാല വാഹകർ
ടൈഫോയ്ഡ് ബാധിച്ച ആളുകളുടെ കുടലിൽ രോഗാണുക്കൾ ഉണ്ടാകും. ഇത് ഇടയ്ക്കിടെ അവരുടെ വിസർജ്ജ്യത്തിലൂടെ പുറന്തള്ളപ്പെടുന്നു. ചില സന്ദർഭങ്ങളിൽ, ടൈഫോയിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് പോലും ദീർഘകാലം അവരുടെ കുടലിൽ രോഗാണുക്കളെ വഹിക്കാൻ കഴിയും. അവർക്ക് രോഗലക്ഷണങ്ങൾ ഇല്ലാതായാൽ പോലും രോഗാണുക്കൾ പകരുന്നത് തുടരാം.[1]
അപകടസാധ്യത ഘടകങ്ങൾ
എന്തൊക്കെയാണ്?
സമൂഹത്തിലെയും ആശുപത്രികളിലെയും വിവരങ്ങൾ സംയോജിപ്പിച്ച്, രേഖപ്പെടുത്താതെ പോകുന്ന രോഗികളെ കൂടി കണക്കാക്കുന്ന പഠനങ്ങളെ അടിസ്ഥാനമാക്കി, ലോകത്തിലെ ടൈഫോയ്ഡ് കേസുകളിൽ പകുതിയിലധികവും ഇന്ത്യയിലാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.[8,9]

പ്രാരംഭ ഘട്ടങ്ങളിൽ, രോഗികൾക്ക് സാധാരണയായി തലവേദന, ഓക്കാനം, വയറുവേദന എന്നിവയ്ക്കൊപ്പം പനി അനുഭവപ്പെടുന്നു. എന്നിരുന്നാലും, ചികിത്സിച്ചില്ലെങ്കിൽ, ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.[1]

ടൈഫോയ്ഡ് ചെറുകുടലിൽ വ്രണങ്ങൾ ഉണ്ടാക്കുകയും, ഇത് കുടലിൽ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യാം. തകർന്ന ചെറുകുടൽ ഭിത്തികളിൽ നിന്ന് രോഗാണുക്കൾ രക്തത്തിലേക്ക് വ്യാപിക്കുകയും സെപ്സിസ് അഥവാ രക്‌തദൂഷണം പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. കൂടാതെ, ഹൃദയം, പാൻക്രിയാസ്, തലച്ചോറ് എന്നിവയുടെ ആവരണങ്ങളിൽ വീക്കം ഉണ്ടാക്കാനും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാനും ഈ രോഗത്തിന് കഴിയും.[7]

ടൈഫോയ്ഡ് പനി ബാധിച്ച ചില രോഗികൾക്ക് എൻസെഫലോപ്പതി, ആശയക്കുഴപ്പം, ഉറക്ക പ്രശ്നങ്ങൾ, മാനസികാസ്വാസ്ഥ്യങ്ങൾ, മതിഭ്രമം, പേശികളുടെ കാഠിന്യം തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.[10]

കരളിന്റെയും പ്ലീഹയുടെയും വലുപ്പം കൂടുന്ന ഹെപ്പാറ്റോ-സ്പ്ലെനോമെഗാലി എന്ന അവസ്ഥയ്ക്കും ഇത് കാരണമായേക്കാം.9 ദീർഘകാല വാഹകരാകുന്ന അവസ്ഥ പിത്താശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.[11]
ബന്ധപ്പെട്ട പേജുകൾ
ഉറവിടങ്ങൾ
- https://www.who.int/news-room/fact-sheets/detail/typhoid
- https://iapindia.org/pdf/Ch-008-Enteric-Fever.pdf
- https://pmc.ncbi.nlm.nih.gov/articles/PMC9304857/
- https://www.nicd.ac.za/wp-content/uploads/2022/06/Enteric-Fever_NICD-recommendations_June-2022_final.pdf
- https://acvip.org/parents/columns/typhoid.php
- https://www.cdc.gov/typhoid-fever/about/index.html
- https://www.mayoclinic.org/diseases-conditions/typhoid-fever/symptoms-causes/syc-20378661
- https://www.nejm.org/doi/pdf/10.1056/NEJMoa2209449
- https://pubmed.ncbi.nlm.nih.gov/35238365/
- https://www.ncbi.nlm.nih.gov/books/NBK557513/
- https://pmc.ncbi.nlm.nih.gov/articles/PMC8190372/
നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.