ടൈഫോയ്ഡ് ഒരു സാധാരണ പനിയെക്കാൾ അപകടകാരിയാണ്
രോഗം മൂർച്ഛിച്ച് സങ്കീർണതകളിലേക്ക് നീങ്ങുന്നത് ഒഴിവാക്കുക. രോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും, ഡോക്ടറുമായി സംസാരിക്കുകയും, സംരക്ഷണം ഉറപ്പാക്കാൻ കൃത്യസമയത്ത് ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്യുക.

ലോകത്ത് ഏറ്റവും കൂടുതൽ ടൈഫോയ്ഡ് രോഗികൾ ഉള്ളത് ഇന്ത്യയിലാണ്.* [1,2] എന്നിട്ടും, ഇതിനെക്കുറിച്ച് നമുക്ക് ശരിക്കും എത്രത്തോളം അറിയാം?
പ്രതിരോധ നടപടികൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ നിങ്ങൾക്കും ഈ രോഗം വരാം.

ആഗോളതലത്തിൽ പ്രതിവർഷം 4-5 മില്യൺ വരെ ടൈഫോയ്ഡ് രോഗികൾ ഉണ്ടാകുന്നു എന്നാണ് കണക്ക്[3]

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ടൈഫോയിഡിന്റെ ലക്ഷണങ്ങൾ സാധാരണയായി കണ്ടുതുടങ്ങുന്നു[4]

ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ടൈഫോയ്ഡ് രോഗബാധിതരിൽ 30% വരെ മരണത്തിന് കീഴടങ്ങാൻ സാധ്യതയുണ്ട്[5]
2017 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്തിലെ ടൈഫോയ്ഡ് രോഗികളിൽ പകുതിയിലധികവും ഇന്ത്യയിലാണ്. ഇപ്പോഴത്തെ കണക്കുകളിൽ മാറ്റങ്ങൾ ഉണ്ടാവാം.
ഉറവിടങ്ങൾ: John et al., NEJM 2023; Cao et al., JID 2021.
ടൈഫോയ്ഡ് ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമായി മാറുന്നതെന്തുകൊണ്ടാണ്?

ആന്റിമൈക്രോബിയൽ പ്രതിരോധം
വ്യാപകമായ (അനിയന്ത്രിതവും അശാസ്ത്രീയവുമായ) ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധത്തിന് (AMR) ഇന്ധനം പകരുന്നു. ഇത് മരുന്നുകളെ പ്രതിരോധിക്കുന്ന ടൈഫോയ്ഡ് രോഗാണുക്കളുടെ എണ്ണം കൂട്ടുകയും, അത് മൂലം രോഗം മൂർച്ഛിക്കുകയും, ടൈഫോയ്ഡ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന സാധാരണ മരുന്നുകൾ ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു.[6]

ശരീരമാകെയുള്ള അണുബാധ
ടൈഫോയ്ഡ് കുടലിൽ നിന്ന് രക്തത്തിലേക്ക് പടർന്ന് മറ്റ് അവയവങ്ങളെയും ബാധിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ, ഇത് ഗുരുതരമായ രോഗലക്ഷണങ്ങളും സങ്കീർണതകളും ഉണ്ടാക്കുകയും, വലിയ ക്ലേശങ്ങൾക്കും മറ്റ് അവയവങ്ങളുടെ തകരാറുകൾക്കും കാരണമാവുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യും.[7]

സാംക്രമികം
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ടൈഫോയ്ഡ് പകരുന്നത്. അതുകൊണ്ട് സുരക്ഷിതമല്ലാത്ത വെള്ളമോ ഭക്ഷണമോ ലഭിക്കുന്ന സ്ഥലങ്ങളിലും, വ്യക്തിശുചിത്വം കുറഞ്ഞ സ്ഥലങ്ങളിലും, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലും, ഈ രോഗം പടർന്നുപിടിക്കാൻ കാരണമാകുകയും, പൊതുജന ആരോഗ്യത്തെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.[8]

രോഗാണുവാഹക അവസ്ഥ
രോഗം മാറിയതിന് ശേഷവും ചില ആളുകളുടെ കുടലിൽ ടൈഫോയ്ഡ് രോഗാണുക്കൾ അവശേഷിക്കാൻ സാധ്യതയുണ്ട്, ഇത് മറ്റുള്ളവരിലേക്ക് പകരുകയും പുതിയ രോഗബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും രോഗം നിയന്ത്രിക്കുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യും.[8]
ടൈഫോയ്ഡ് പ്രതിരോധം കൈയെത്തും ദൂരത്താണ്!
ടൈഫോയിഡിനെ പ്രതിരോധിക്കാൻ ഇതാ ചില ലളിതമായ വഴികൾ
പ്രതിരോധ കുത്തിവയ്പ്പ്

പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക
WASH രീതി (വെള്ളം)

ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
WASH രീതി (ശുചിത്വം)

സുരക്ഷിതമായ രീതിയിൽ ശുചിത്വം പാലിക്കുക
WASH രീതി (കൈ ശുചിത്വം)

കൈകൾ വൃത്തിയായി സൂക്ഷിക്കുക
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ടൈഫോയിഡിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് അറിയണോ?
ടൈഫോയിഡിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
തെറ്റായ വിവരങ്ങൾ അപകടകരമാണ്. വസ്തുതകൾ മനസിലാക്കുക, അപകടസാധ്യതകൾ മനസിലാക്കുക, നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാൻ ശരിയായ നടപടികൾ കൈക്കൊള്ളുക.

ടൈഫോയിഡിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
തെറ്റായ വിവരങ്ങൾ അപകടകരമാണ്. വസ്തുതകൾ മനസിലാക്കുക, അപകടസാധ്യതകൾ മനസിലാക്കുക, നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാൻ ശരിയായ നടപടികൾ കൈക്കൊള്ളുക.


ഒരു ആഴ കാഴ്ച്ച:
ആരോഗ്യ വിദഗ്ദ്ധർക്കുള്ള ടൈഫോയ്ഡ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ
ടൈഫോയ്ഡ് രോഗം കണ്ടെത്താനും, ചികിത്സിക്കാനും, പ്രതിരോധിക്കാനും സഹായിക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങൾ, രോഗത്തെക്കുറിച്ചുള്ള കണക്കുകൾ, ഡോക്ടർമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ശാസ്ത്രീയമായ ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് എപ്പോഴും അറിഞ്ഞിരിക്കുക.
പതിവ് ചോദ്യങ്ങൾ
എന്താണ് ടൈഫോയ്ഡ്?
സാൽമൊണെല്ല ടൈഫി എന്ന രോഗാണു മൂലമാണ് ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്. ഇത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വ്യാപിക്കുന്നു. രോഗബാധിതരായവർ തലവേദന, വയറുവേദന, ക്ഷീണം എന്നിവയ്ക്കൊപ്പം ക്രമേണ വർദ്ധിച്ചുവരുന്ന പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നു.[6]
ടൈഫോയ്ഡ് പനിയുടെ സാധാരണ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പനി, തലവേദന, അമിതമായ ക്ഷീണം, വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവയാണ് ടൈഫോയിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.[9]
ടൈഫോയ്ഡ് പനി ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ?
ചികിത്സിക്കാതെ വിടുകയാണെങ്കിൽ, ടൈഫോയ്ഡ് പനി കുടലിൽ രക്തസ്രാവം അല്ലെങ്കിൽ സുഷിരങ്ങൾ ഉണ്ടാകുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രോഗം മൂർച്ഛിക്കുന്ന സാഹചര്യങ്ങളിൽ, ഇത് തലച്ചോറ് ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം.[10,7]
രോഗബാധിത വ്യക്തിയുമായുള്ള സാധാരണ സമ്പർക്കത്തിലൂടെ ടൈഫോയ്ഡ് പകരുമോ?
ഇല്ല, ടൈഫോയ്ഡ് രോഗം ബാധിച്ച ഒരാളുമായി സാധാരണ രീതിയിൽ ഇടപഴകിയാൽ രോഗം പകരില്ല. പക്ഷേ, അവർ സ്പർശിച്ച എന്തെങ്കിലുമായി നിങ്ങൾ സമ്പർക്കം പുലർത്തുകയാണെങ്കിൽ, പ്രത്യേകിച്ചും ശുചിമുറിയിൽ പോയതിന് ശേഷം അവർ കൈ കഴുകിയില്ലെങ്കിൽ, നിങ്ങൾക്ക് ടൈഫോയ്ഡ് പിടിപെടാനുള്ള സാധ്യതയുണ്ട്.[11]
ടൈഫോയിഡിൽ നിന്ന് മുക്തിനേടാൻ എത്ര സമയമെടുക്കും?
ടൈഫോയിഡിനുള്ള ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് സുഖം തോന്നാൻ തുടങ്ങും. പനിയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാൻ 10 ദിവസം വരെ എടുത്തേക്കാം. ക്ഷീണവും ബലഹീനതയും കുറയാൻ കൂടുതൽ സമയമെടുത്തേക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് സങ്കീർണതകളോ രോഗപ്രത്യാഗമനമോ ഉണ്ടായാൽ, സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കും.[10]
ലഭ്യമായ വിവിധ തരം ടൈഫോയ്ഡ് പ്രതിരോധ കുത്തിവയ്പ്പുകൾ ഏതൊക്കെയാണ്?
ടൈഫോയ്ഡ് പനിക്ക് രണ്ട് തരം പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാണ്:
- ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിൻ (TCV)
- Vi- പോളിസാക്കറൈഡ് (Vi-PS)[11]
ഉറവിടങ്ങൾ
-
- https://www.nejm.org/doi/pdf/10.1056/NEJMoa2209449
- https://pubmed.ncbi.nlm.nih.gov/35238365/
- https://immunizationdata.who.int/global/wiise-detail-page/typhoid-reported-cases-and-incidence?CODE=Global&YEAR=
- https://www.nhs.uk/conditions/typhoid-fever/symptoms/
- https://acvip.org/parents/columns/typhoid.php
- https://www.ncbi.nlm.nih.gov/books/NBK557513/
- https://www.mayoclinic.org/diseases-conditions/typhoid-fever/symptoms-causes/syc-20378661
- https://pmc.ncbi.nlm.nih.gov/articles/PMC10236512/
- https://www.nhs.uk/conditions/typhoid-fever/symptoms/
- https://my.clevelandclinic.org/health/diseases/17730-typhoid-fever
- പർപ്പിൾ ബുക്ക്: പ്രതിരോധ കുത്തിവയ്പുകളും രോഗപ്രതിരോധ രീതികളും സംബന്ധിച്ച ഉപദേശക സമിതിയുടെ (ACVIP) 2022-ലെ രോഗപ്രതിരോധത്തെക്കുറിച്ചുള്ള IAP ഗൈഡ്ബുക്ക്
നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.